Thursday, September 23, 2010

ദാമ്പത്യം

കല്ല്യാണം കഴിഞ്ഞപ്പോള്‍
ദൈവം ആദ്യം ഒന്നമാന്തിച്ചെങ്കിലും
പിന്നെ കയ്യഴിക്കുകയായിരുന്നു.
ഒന്നിനു പിറകെ ഒന്നായി
നാമവരെ ഏറ്റുവാങ്ങി.
ദൈവം നമ്മുടെ കാര്യത്തില്‍
ഇച്ചിരി ഗൗരവക്കാരനായിരുന്നു.
പ്രേമത്തിന്റെ ഓരോ ആലിംഗനത്തെയും
ഏറെ കാര്യത്തിലാണവന്‍ സ്വീകരിച്ചത്.
നമ്മുടെ പ്രണയത്തിന്റെ ഓരോ ചുംബനത്തിനും
സൃഷ്ടിയുടെ പുതിയ പൂക്കളെ
അവന്‍ പകരം തന്നു.
പ്രേമിക്കാനും കലഹിക്കാനും
നേരമില്ലാതെ നീ
സൃഷ്ടിയുടെ ഭാരവും ജനനത്തിന്റെ വേദനയും കൊണ്ട്
ജീവിതത്തിന് പുതിയ നിറം കൊടുക്കുകയായിരുന്നു.
എനിക്ക് ആശുപത്രി ബില്ലുകള്‍
പൂരിപ്പിക്കേണ്ട തിരക്കുമുണ്ടായിരുന്നു.

Friday, August 27, 2010

ലോട്ടറി

തനിക്ക് ഒട്ടും വിശ്വാസമില്ലാത്ത മതത്തിന്റെ

പുരോഹിതനാണ് ലോട്ടറിക്കാരന്‍

ലോട്ടറി

ഭാഗ്യത്തിന്റെ രശീതിചീട്ടാണെങ്കില്‍

അതിന്റെ അകവും പുറവും ഭാഗ്യമാണെങ്കില്‍

പടുവിഢ്ഡിയല്ലാതെ ഭാഗ്യത്തെ

മുന്‍കൂറായി വിറ്റുകളയില്ലല്ലോ

കോഴിക്കോട് കുറ്റ്യാടി റൂട്ട്

കൂട്ടുകാര്‍ വട്ടം കൂടി പറഞ്ഞു

കോഴിക്കോട് കുറ്റ്യാടി  റൂട്ട്

ഓര്‍ക്കുമ്പോള്‍ എനിക്കോക്കാനം വരും

കണ്ണൂര്‍ റോഡില്‍ നിന്ന് പാവങ്ങാട്ടേക്ക് തിരിയുമ്പോള്‍

എനിക്ക് മനം പുരട്ടും

എന്തൊരു സഹിക്കാനാവാത്ത വളവാണാവഴിക്ക്

തര്‍ക്കമാണേറ്റവും പ്രിയപ്പെട്ട

ആയോധനകല എന്നായിട്ടും

ഞാന്‍ തര്‍ക്കത്തിന് പോയില്ല

പക്ഷേ

അത് എനിക്കുമവള്‍ക്കുമിടയിലെ ഏറ്റവും വേഗതകൂടിയ

പ്രണയ പാതയാണ്

കല്ലും ടാറും കുഴച്ച് മണ്ണില്‍ രചിച്ച പ്രണയമാണ്

എനിക്കുമവള്‍ക്കുമിടയിലെ ഒരു വളവുമില്ലാത്ത നേര്‍ രേഖയാണ്

ഏത് ദേശത്തുവച്ചും ഓര്‍മ്മകളിലേക്കെന്നെ തിരികെ വിളിക്കുന്ന

രണ്ട് വരി്പ്പാതയാണ്

Thursday, August 26, 2010

കടം

കടം നിങ്ങളുടെ കതകില്‍ വന്നു മുട്ടും

കാലില്‍ വന്നു കൊത്തും

അങ്ങാടിയില്‍ വസ്ത്രാക്ഷേപം ചെയ്യും

ചിലപ്പോള്‍ അത്

കത്തിയുടെ മൂര്‍ച്ചത്തലപ്പായ് ഊറി

തന്നവന്റെ നെഞ്ചില്‍ തുളച്ചുകയറും


അല്ലെങ്കില്‍

മരണം ഒരു സംഘശോകഗാനമായ്

നമുക്കാലപിക്കാം

എന്ന തീരുമാനത്തിലേക്ക് നിന്നെ പ്രലോഭിപ്പിക്കും

എന്നിട്ടും

കടം വാങ്ങൂ കാര്യം നേടൂ

എന്ന് ലോകം നിന്നെ കൊതിപ്പിക്കുന്നു

പേര്‌

എനിക്ക് പേരിനൊരു പേരും



വേരിനൊരു ഊരുമാണ്‌

പ്രാര്‍ത്ഥന

മൗനത്തിന്റെ


വാഗ്‌രൂപമാണ് പ്രാര്‍ത്ഥന